ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് നഴ്‌സ്മാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 42 ആയി ഉയര്‍ന്നു. നിലവില്‍ 400 ആരോഗ്യപ്രവര്‍ത്തകരാണ് ഡല്‍ഹിയില്‍ നിരീക്ഷണത്തിലുള്ളത്. ഡല്‍ഹിയില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് കൊവിഡ് പ്രതിരോധ നടപടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
വൈറസ് ബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും ഡല്‍ഹിയിലെ കാന്‍സര്‍ സെന്ററിലെ ജീവനക്കാരാണ്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്‍സര്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലീസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ രാജ്യത്തിന് വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 8063 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 256 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കൊവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷന്‍ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ഒരു രോഗിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാര്‍ഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.