പഞ്ചാബ്: കര്‍താപൂര്‍ ഇടനാഴി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പാകിസ്താനില്‍ നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനായി കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരിയും ഹര്‍ഷ്മ്രത് കൗര്‍ ബാദലും പാകിസ്താനിലേക്ക് പുറപ്പെട്ടു. അതേ സമയം പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു ചടങ്ങില്‍ പങ്കെടുക്കാനായി കര്‍താപൂരില്‍ എത്തിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയാണ് തറക്കല്ലിടല്‍ ചടങ്ങിലേക്ക് പാകിസ്താന്‍ ക്ഷണിച്ചത്. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സുഷമ സ്വരാജിന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഹര്‍ദീപിനെയും ഹര്‍ഷ്മ്രതിനെയും സുഷമ സ്വരാജ് തന്നെയാണ് നിര്‍ദേശിച്ചത്.
സിഖ് സമുദായത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് കര്‍താപൂര്‍ ഇടനാഴി. അത് സാധ്യമാക്കുന്നതില്‍ പാകിസ്താന്‍ സര്‍ക്കാരിന് എല്ലാവിധ നന്ദിയും അറിയിക്കുന്നുവെന്ന് യാത്രയ്ക്ക് മുമ്പ് ഹര്‍ദീപ് സിംഗ് പുരി പ്രതികരിച്ചു.
ലഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നറോവാലില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് കര്‍താപൂര്‍ ഇടനാഴിക്ക് തറക്കല്ലിടുക. സിഖ് തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് എത്താന്‍ സാധിക്കുന്ന പദ്ധതിയാണ് കര്‍താപൂര്‍ ഇടനാഴി. നേരത്തെ പാകിസ്താനിലെ അന്താരാഷ്ട്ര അതിര്‍ത്തി വരെ നീളുന്ന പാതയ്ക്ക് പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ മന്‍ ഗ്രാമത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കല്ലിട്ടിരുന്നു.
എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള പാകിസ്താന്റെ ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിരസിച്ചു. സംസ്ഥാനത്തെ ഭീകരാക്രമണങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ സൈനികരെ വധിക്കുന്നതിലും പ്രതിഷേധിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചത്.
Discussion about this post