ഭോപ്പാല്‍: റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകര്‍ന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ സിംഗ്റോളിയിലാണ് സംഭവം. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള് തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.
അപകടത്തില്‍ നാല് പേരെ കാണാതായി. അമ്മയും മകനുമടക്കം വീടിനകത്ത് ഇരുന്നവരാണ് കല്‍ക്കരിചാരവും വെള്ളവും ചേര്‍ന്ന കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെയുള്ള സിംഗ്റോളിയിലെ ആഷ് യാര്‍ഡ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്.
സംഭവത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ഏക്കര്‍ കൃഷിയാണ് നശിച്ചത്. പ്ലാന്റിനെപ്പറ്റി പ്രദേശവാസികളുടെ പരാതി നിലനില്‍ക്കെയാണ് ദുരന്തം സംഭവിച്ചത്. കഴിഞ്ഞവര്‍ഷം പവര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. മൂന്നുമാസം മുമ്പ് പ്ലാന്റില്‍ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്റോളി ജില്ലാ കളക്ടര്‍ കെ.വി.എസ് ചൗധരി പറഞ്ഞു.
Discussion about this post