ജയ്പൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി രാജസ്ഥാന് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 14 ന് അവസാനിക്കാന്‍ ഇരിക്കെയാണ് രാജസ്ഥാനും ലോക്ക് ഡൗണ്‍ നീട്ടിയത്. മോഡിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ ലോക്ക് ഡൗണ്‍ നീട്ടുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്.
പഞ്ചാബും ഒഡീഷയുമാണ് നേരത്തെ ലോക്ക് ഡൗണ്‍ നീട്ടിയത്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പ്രതികരിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടുന്നകാര്യത്തില്‍ യോഗം അന്തിമ തീരുമാനം എടുത്തേയ്ക്കും.
ഇതിനിടെ ഭക്ഷണപാക്കറ്റുകളും റേഷനും വിതരണം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തുന്നതിന് സംസ്ഥാനത്തുടനീളം രാജസ്ഥാന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നത് ഒരു സേവനമായിട്ടാണ് കാണേണ്ടത്. പ്രചാരണത്തിനും മത്സരത്തിനുമായി ഇതിനെ മാറ്റരുതെന്നും മുഖ്യന്ത്രി പറയുന്നു. ‘റേഷനും സൗജന്യ ഭക്ഷണവും പാവപ്പെട്ടവര്‍ക്ക് ലഭിക്കണം. കഴിവുള്ള ആളുകള്‍ അനാവശ്യമായി ഈ പ്രയോജനം നേടരുത്. സര്‍ക്കാരിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന നിരാലംബരും ദരിദ്രരുമായ ആളുകള്‍ക്കാണ് ആദ്യം ഭക്ഷണപാക്കറ്റുകള്‍ എത്തിക്കേണ്ടത്. ഭക്ഷ്യ,റേഷന്‍ വിതരണ സമയത്ത് ഫോട്ടോഗ്രഫി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള പരസ്യവും പാടില്ല’ അശോക് ഗെഹ്ലോത് പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post