ന്യൂഡൽഹി: സമ്പന്ന രാജ്യങ്ങളെന്നോ വികസ്വര രാജ്യങ്ങളെന്നോ വ്യത്യാസമില്ലാതെ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ മരുന്നിനായി അപേക്ഷയുമായി നിൽക്കുകയാണ്. കൊവിഡിനെതിരായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഫലപ്രദമാണെന്ന നിഗമനത്തിലാണ് ലോകരാജ്യങ്ങൾ ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഎസ് അടക്കമുള്ള രാജ്യങ്ങൾ കടുത്ത സമ്മർദ്ദവും ഉയർത്തിയിരുന്നു. ഇതിന്റെ പിന്നാലെ ഇന്ത്യ മരുന്ന് കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും മരുന്നുകൾ കയറ്റി അയക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു.
അതേസമയം, ആദ്യഘട്ടത്തിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകൾ കയറ്റുമതി ചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ പട്ടിക വെള്ളിയാഴ്ച ഇന്ത്യ പുറത്തുവിട്ടു. ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികളുടെ ഏറ്റവും വലിയ ഉത്പാദരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 48 ലക്ഷം ഗുളികകളാണ് യുഎസ് ആവശ്യപ്പെട്ടതെങ്കിലും 35.82 ലക്ഷം ഗുളികകളാണ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. കൂടാതെ മരുന്ന് നിർമ്മിക്കുന്നതിനാവശ്യമായ ഒമ്പത് ടൺ രാസവസ്തുക്കളും(ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്-API) യുഎസിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
യുഎസ്, സ്‌പെയിൻ, ജർമ്മനി, ബഹ്‌റൈൻ, ബ്രസീൽ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെൽസ്, മൗറിഷ്യസ്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ആദ്യഘട്ടത്തിൽ ഹൈഡ്രോക്ലോറോക്വിൻ കയറ്റി അയക്കുന്നത്.ഏകദേശം 140 ലക്ഷം(14 മില്യൺ ടൺ) ഗുളികകളും 13.5 ടൺ(12,250 കി.ഗ്രാം)എപിഐയും ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യും.
50 ലക്ഷം ഗുളികകളാണ് ബ്രസീൽ, കാനഡ എന്നീ രാജ്യങ്ങൾക്ക് ആദ്യഘട്ടത്തിൽ ലഭിക്കുക. 0.53 ടൺ(ഏകദേശം 480 കി.ഗ്രാം)എപിഐ ബ്രസീലിന് ലഭ്യമാക്കും. ജർമ്മനിയ്ക്ക് 50 ലക്ഷം ഗുളികകൾ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തിൽ 1.5 ടൺ(1360 കി.ഗ്രാം)എപിഐ ആണ് ലഭ്യമാക്കുന്നത്. ബംഗ്ലാദേശിന് 20 ലക്ഷം, നേപ്പാളിന് 10 ലക്ഷം, ഭൂട്ടാന് രണ്ട് ലക്ഷം ശ്രീലങ്കയ്ക്ക് 10 ലക്ഷം എന്നിങ്ങനെ അടുത്ത ഘട്ടത്തിൽ കയറ്റുമതി ചെയ്യും.
Discussion about this post