അതിർത്തി കടന്ന് ലോക്ക് ഡൗൺ ലംഘനം ‘ചെക്ക്’ ചെയ്ത് കർണാടക മന്ത്രി; തടഞ്ഞ് നിർത്തി കൊവിഡ് കാലത്ത് പുറത്തിറങ്ങിയത് എന്തിനെന്ന് ചോദ്യം ചെയ്ത് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനും

ബംഗളൂരു: അതിർത്തി കടന്ന് തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ കർണാടക മന്ത്രിയുടെ പരിശോധന. ഇത് ശ്രദ്ധയിൽ പെട്ടതോടെ ചോദ്യം ചെയ്ത് തടഞ്ഞുനിർത്തി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് തമിഴ്‌നാട് പോലീസിലെ ഈ ഉദ്യോഗസ്ഥൻ. കർണാടക-തമിഴ്‌നാട് അതിർത്തിയിലെ അട്ടിബെലെ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം. കർണാടകയിൽ വിവിധ ചെക്ക് പോസ്റ്റുകളിൽ ലോക്ക് ഡൗൺ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തുകയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.

എന്നാൽ അതിർത്തി കടന്നിട്ടും മന്ത്രി പരിശോധന അവസാനിപ്പിച്ചില്ല. തുടർന്ന് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥൻ മന്ത്രിയുടെ കാർ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. ഐഡന്റിറ്റി കാർഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങളാണ് പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്.

മന്ത്രി ഉടൻ തന്നെ ബംഗളൂരു റൂറൽ എസ്പിയെ ബന്ധപ്പെട്ടു. അതിർത്തികടന്നുള്ള പരിശോധനയെക്കുറിച്ച് അന്വേഷിച്ചു. അതിർത്തിയിൽ കർണാടക പോലീസിനെ വിന്യസിക്കാനും തമിഴ്‌നാട് പോലീസിനോട് പിന്മാറാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.

അതേസമയം, അതിർത്തി കടന്നത് തമിഴ്‌നാട് പോലീസാണെന്നാണ് കർണാടക വിശദീകരികരിക്കുന്നത്. അതിർത്തി കടന്ന് തമിഴ്‌നാട് സ്ഥാപിച്ചതെന്ന് ആരോപിച്ച് ബാരിക്കേഡുകളും കർണാടക പോലീസ് ഇടപെട്ട് നീക്കം ചെയ്തു. അതേസമയം തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ അതിർത്തി കടന്ന് പരിശോധന നടത്തിയെന്നാണ് വിവരം. തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. ആരാണ് അതിർത്തി ലംഘിച്ചത് എന്നതിനെ കുറിച്ച് ഇതുവരെ അന്തിമ വിശദീകരണം ലഭിച്ചിട്ടില്ല.

Exit mobile version