ന്യൂഡല്‍ഹി: മീന്‍പിടുത്തത്തിനും വില്‍പ്പനയ്ക്കും രാജ്യവ്യാപകമായി അനുമതി നല്‍കി ആഭ്യന്തരമന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കടലിലെ മീന്‍പിടുത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ് നല്‍കിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. മത്സ്യകാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ നിന്ന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. വിളവെടുപ്പും വിതയ്ക്കലുമടക്കം കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
കാര്‍ഷിക യന്ത്രങ്ങളും അവയുടെ സ്പെയര്‍പാര്‍ട്സുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദേശീയ പാതകളിലെ ട്രക്ക് വര്‍ക്ക്ഷോപ്പുകള്‍ക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളില്‍ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തനം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post