ന്യൂഡല്‍ഹി: രാജ്യം ലോക്ക് ഡൗണില്‍ കഴിയുമ്പോഴും വിദ്യാര്‍ത്ഥികളേയും പൊതുപ്രവര്‍ത്തകരേയും ഡല്‍ഹി പോലീസ് പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുസ്‌ലിം സംഘടനകളുടെ കത്ത്. സാമൂഹിക പ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും നേരേ അക്രമണം അഴിച്ച് വിടുന്ന ഡല്‍ഹി പോലീസിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് കത്ത്.
‘ഈ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് കള്ളക്കേസ് തയ്യാറാക്കിയാണ് പോലീസ് പൊതുപ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സമയമായതിനാല്‍ കോടതികള്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്, ഈ സമയത്തും ചോദ്യം ചെയ്യാനായി പ്രവര്‍ത്തകരോട് പോലീസ് സ്റ്റേഷനുകളിലേക്ക് എത്താന്‍ ആവശ്യപ്പെടുന്നു. സന്ദര്‍ഭത്തെ ചൂഷണം ചെയ്യുന്ന നിലക്കാണ് പോലീസ് സ്ഥിതിഗതിയെ കൈകാര്യം ചെയ്യുന്നത്.’ എന്ന് കത്തില്‍ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകരുടേയും വിദ്യാര്‍ത്ഥികളുടേയും നേരെയുള്ള ഡല്‍ഹി പോലീസിന്റെ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുസ്ലീം സംഘടനകള്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരെയാണ് പോലീസ് തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും അകാരണമായി പോലീസ് അറസ്റ്റ് ചെയ്യുകയാണ്, തടവിലാക്കുന്നതിന്റെ ഒരു പരമ്പര തന്നെയാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്’ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മില്ലി ഇത്തിഹാദ് പരിഷത്ത് പ്രസിഡന്റ് മൗലാന തൗകീര്‍ റാസ, മുന്‍ എം.പി ഉദിത് രാജ്, ഡല്‍ഹി ന്യൂനനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, ജമാഅത്തെ ഇസ്ലാമി അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി എന്നിവര്‍ കത്തില്‍ ഒപ്പ് വെച്ചു.
Discussion about this post