ലുധിയാന: വാഹന മോഷ്ണത്തിന് പിടികൂടിയ മോഷ്ടാവിന് കൊവിഡ് 19. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ 17 പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിയും ക്വാറന്റൈനിലാണ്. ലുധിയാനയിലാണ് സംഭവം. പട്രോളിങ്ങിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി 24 കാരനായ അസുഖബാധിതനെ പോലീസ് പിടികൂടിയത്.
ശേഷം ജയിലിലടച്ച ഇയാളെ തുടര്‍നടപടികളുടെ ഭാഗമായി പോലീസ് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നീട് ചുമയും ജലദോഷവുമുണ്ടെന്ന് യുവാവ് പറഞ്ഞതുപ്രകാരം പോലീസ് ഇയാളെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. യുവാവിന്റെ അറസ്റ്റ് ചെയ്തവരുള്‍പ്പടെ 17 പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. പ്രതിയെ ജഡ്ജിന് മുന്നില്‍ ഹാജരാക്കിയതിനാലാണ് അദ്ദേഹത്തെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. പ്രതി ജയ്പൂരിലേക്ക് യാത്ര പോയിരുന്നു. അവിടെ നിന്നാണ് ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഏപ്രില്‍ ആറിനാണ് ഇയാള്‍ അറസ്റ്റിലായത്.