മുംബൈ: രാജ്യത്ത് കൊവിഡ് രോഗം ഏറ്റവും മോശമായ രീതിയിൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് കൂടുതൽ സഹായവുമായി മുൻക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. ഇതുശ്രദ്ധയിൽ പെട്ടതോടെ ഇവർക്ക് ദിവസേനെ ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് സച്ചിനിപ്പോൾ. 5000 പേർക്കാണ് സച്ചിന്റെ നേതൃത്വത്തിൽ ദിവസവും ഭക്ഷണം എത്തിക്കുന്നത്. ഈ സഹായം ഒരു മാസത്തേക്ക് തുടരും.
നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിൻ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകിയത്.
അതേസമയം, പട്ടിണിയാലായ ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിൻ ഏറ്റെടുത്തതായി അപ്നാലയ എന്ന എൻജിഒയാണ് ട്വീറ്റിലൂടെ വാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ ബുദ്ധിമുട്ടുന്ന മുംബൈയിലെ ആളുകളെ സഹായിക്കുന്ന എൻജിഒയാണിത്.
‘ലോക്ഡൗൺ കാലത്ത് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള അപ്നാലയയുടെ പരിശ്രമത്തിൽ പങ്കാളിയായ സച്ചിൻ തെണ്ടുൽക്കർക്ക് നന്ദി. 5000ത്തോളം ആളുകളുടെ റേഷൻ കാര്യം ഒരു മാസത്തേക്ക് സച്ചിനാകും നോക്കുക. ഇനിയും നിങ്ങളുടെ സഹായം ആവശ്യമുള്ളവർ അനേകമുണ്ട്. സഹായിക്കൂ’ അപ്നാലയ ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റിന് മറുപടിയുമായി സച്ചിൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അപ്നാലയയ്ക്ക് എന്റെ എല്ലാ ആശംസകളും. ദുരിതമനുഭവിക്കുന്നവരെ തുടർന്നും സഹായിക്കുക. നിങ്ങളുടെ നല്ല പ്രവർത്തികൾ ഇനിയും തുടരുക’-സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
My best wishes to @ApnalayaTweets to continue your work in the service of the distressed and needy. Keep up your good work.🙏🏻 https://t.co/1ZPVLK7fFb
— Sachin Tendulkar (@sachin_rt) April 9, 2020
Discussion about this post