ഹൈദരാബാദ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ മകനെ തിരിച്ചെത്തിക്കാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് 48കാരി. ആന്ധ്രാപ്രദേശില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കാനാണ് ഇവര്‍ തെലങ്കാനയില്‍ നിന്ന് ഇവര്‍ തനിച്ച് സ്‌കൂട്ടര്‍ ഓടിച്ച് പോയത്.
ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ സൂഹൃത്തിന്റെ വീട്ടിലാണ് റസിയ ബീഗത്തിന്റെ മകന്‍ കുടുങ്ങിപ്പോയത്. ശേഷം എങ്ങനെയും മകനെ വീട്ടില്‍ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് മൂന്ന് ദിവസം നീണ്ട യാത്രയ്ക്ക് റസിയയെ പ്രേരിപ്പിച്ചത്. ലോക്കല്‍ പോലീസിന്റ അനുവാദത്തോടെയാണ് ഇവര്‍ മകനെ തിരിച്ചുകൊണ്ടുവരാന്‍ പോയത്.
” ഒരു ചെറിയ ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരമുള്ള യാത്ര ഒരു സ്ത്രീക്ക് ബുദ്ധിമുട്ടാണ്. പക്ഷേ എനിക്കെന്റെ മകനെ തിരിച്ചെത്തിക്കണം എന്നുമാത്രമാണ് ഉണ്ടായിരുന്നത്. അതെന്റെ എല്ലാ പേടിയും ഇല്ലാതാക്കി. കഴിക്കാന്‍ റൊട്ടി കരുതിയിരുന്നു. ആളും അനക്കവുമില്ലാത്ത റോഡിലൂടെ രാത്രിയില്‍ പോയപ്പോള്‍ ചിലപ്പൊഴൊക്കെ പേടി തോന്നിയിരുന്നു.,” റസിയ ബീഗം പറയുന്നു.
ഇവരുടെ 19 വയസ്സുകാരനായ മകന്‍ നിസാമുദ്ദിന്‍ തന്റെ സുഹൃത്തിനെ കൊണ്ടുവിടാനാണ് നെല്ലൂരിലേക്ക് പോയത്. കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ തിരിച്ചുവരാന്‍ പറ്റാതെ അവിടെ കുടുങ്ങുകയായിരുന്നു. നിസമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡിമിസ്റ്ററസ് ആണിവര്‍. 15 വര്‍ഷം മുന്‍പാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടത്.