ലഖ്നൗ: 500 രൂപയുടെ കറൻസി നോട്ടുകളിലൂടെ കൊറോണ വൈറസ് പടർത്താൻ ശ്രമമെന്ന് ആരോപിച്ച് ലഖ്നൗ പേപ്പർ മിൽ കോളനിയിലെ ജനങ്ങൾ. കഴിഞ്ഞ രാത്രി കോളനിയുടെ ഉറക്കം കെടുത്തിയാണ് രണ്ട് അഞ്ഞൂറു രൂപാ നോട്ടുകൾ വഴിയിൽ നിന്നും കണ്ടെത്തിയത്. കോളനിയിലെ വഴിയിൽ രാത്രി നോട്ടുകൾ കിടക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി ബഹളം വെച്ചു.
വഴിയിൽ ഉപേക്ഷിച്ച നിലയിൽ 500ന്റെ നോട്ടുകൾ; കൊറോണ പടർത്താനെന്ന് ആരോപിച്ച് ബഹളം വെച്ച് നാട്ടുകാർ; ഒടുവിൽ പോലീസെത്തി വൈറസ് മുക്തമാക്കാൻ നടപടി
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. കൊറോണ പടർത്താൻ ആരോ മനപ്പൂർവ്വം നോട്ടുപേക്ഷിച്ചതാണെന്നാണ് കോളനിക്കാരുടെ പരാതി. പോലീസുകാർ ഡോക്ടർമാരുടെ നിർദേശപ്രകാരം നോട്ട് 24 മണിക്കൂർ നേരത്തേക്ക് വൈറസ് മുക്തമാക്കാൻ മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.
സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കിൽ കിടക്കില്ല. അത് ആരെങ്കിലും കണ്ടാൽ എടുത്തുപോകേണ്ടതാണെന്നാണ് നാട്ടുകാർ പറയുന്നത്. നോട്ടിലൂടെ കൊറോണ പടരുമെന്ന മുന്നറിയിപ്പ് നൽകുന്ന വാട്സാപ്പ് വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടുകൾ വഴിയിൽ കണ്ടെത്തിയതും. ഇതോടെയാണ് ആളുകൾ ഭയചകിതരായത്.
കോളിങ് ബെൽ കേട്ട് പുറത്തുവരുന്ന കുട്ടി വീട്ടുപടിക്കൽ 500 രൂപ നോട്ട് കാണുകയും അതെടുക്കാതെ അമ്മയെ അറിയിക്കുന്നതുമാണ് വീഡിയോയിൽ. പിന്നീട് സാനിറ്റൈസർ കൊണ്ട് നോട്ട് അണുവിമുക്തമാക്കിയ ശേഷം അയൽവാസിയുടെ വീടിന്റെ വാതിൽപടിക്കൽ വെക്കുന്നതും വീഡിയോയിലുണ്ട്.
Discussion about this post