മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാര്‍ക്കുമാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മുംബൈയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നു.
കൊവിഡ് 19 വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര് മരിച്ച നഗരം കൂടിയാണ് മുംബൈ. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മുംബൈയില്‍ മാത്രം 65 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം മുംബൈയിലെ ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്ന മലയാളി നഴ്സുമാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്. കഴിഞ്ഞ ദിവസം മാത്രം 600 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 6412 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 1364 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 97 പേരാണ് വൈറസ് ബാധമൂലം മഹാരാഷ്ട്രയില്‍ മരിച്ചത്.
Discussion about this post