ഭോപ്പാൽ: ആശുപത്രിയിൽ കൊവിഡ് രോഗികളെ പരിചരിച്ചതിനു ശേഷം തന്നിൽ നിന്നും മറ്റാർക്കും രോഗം പകരാതിരിക്കാൻ വേണ്ടി കാറിൽ തന്നെ താമസമാക്കിയ ഡോക്ടർക്ക് ഒടുവിൽ താമസിക്കാൻ മുറിയൊരുങ്ങി. ഡോക്ടർക്ക് ആശുപത്രി അധികൃതർ തന്നെ താമസ സൗകര്യം ഒരുക്കുകയാിയിരുന്നു. ഭോപ്പാലിലെ ആശുപത്രിയിൽ ഡോക്ടറായ സച്ചിൻ നായകായിരുന്നു കാറിൽ താമസമാക്കിയിരുന്നത്. ഇദ്ദേഹത്തിന്റെ അവസ്ഥ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇടപെടുകയായിരുന്നു.
പകൽ സമയങ്ങളിൽ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർ രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞാൽ ആശുപത്രിയിലെ പാർക്കിങിൽ തന്നെ കാറിൽ തുടരുകയായിരുന്നു. ഡോ. സച്ചിൻ നായക് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാറിൽ തന്നെയാണ് താമസം. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സച്ചിൻ നായകിന് മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളിൽ തയ്യാറെടുപ്പിനുള്ള സമയം കിട്ടില്ല. സ്വയം പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ് അതിനാലാണ് ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്നായിരുന്നു അന്ന് സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞത്. ഡോക്ടറുടെ ഈ പ്രവൃത്തി അറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post