ചണ്ഡിഗഢ്: അയോധ്യ കേസ് പരിഗണിക്കുന്ന ബെഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ്.
ഇതിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കാന്‍ സാധ്യതയുണ്ട്. ജഡ്ജിമാരുടെ പേരുകള്‍ പറയുന്നില്ല. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ആ ബെഞ്ചിലുള്ള മൂന്നു ജഡ്ജിമാരുടെ പേരുകള്‍ അറിയാം. അയോധ്യ കേസ് വൈകിപ്പിക്കുന്നതും നിരസിക്കുന്നതും അനാദരിക്കുന്നതും അവരാണ്- ഇന്ദ്രേഷ് കുമാര്‍ തുറന്നടിച്ചു. ഈ ജഡ്ജിമാര്‍ ഇന്ത്യയെ വികലമാക്കും. വിശ്വാസങ്ങളെയും ജനാധിപത്യത്തെയും ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഹനിക്കുമെന്നും ഇന്ദ്രേഷ് വ്യക്തമാക്കി.
അയോധ്യ കേസ് ജനുവരിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ചിനെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഇത്തരക്കാരല്ലെന്നും ഏതാനും പേരാണ് മുഴുവന്‍ നിയമസംവിധാനത്തിനും ചീത്തപ്പേരുണ്ടാക്കുന്നതെന്നും നേതാവ് തുറന്നടിച്ചു. രണ്ടോ മൂന്നോ ജഡ്ജിമാരൊഴികെ ബാക്കിയെല്ലാവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരാണ്. അവര്‍ വിശ്വാസമുള്ളവരാണ്. എന്നാല്‍ ഇത്തരക്കാര്‍ മൂലം മുഴുവന്‍ ജഡ്ജിമാരോടും ബഹുമാനം നഷ്ടപ്പെടാന്‍ ഇടയാകും. നീതി നടപ്പാക്കാന്‍ തയ്യാറല്ലെങ്കില്‍ ആ സ്ഥാനത്ത് തുടരണമോയെന്ന് ആ ജഡ്ജിമാര്‍ ആലോചിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post