ന്യൂഡല്‍ഹി: കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്നും പട നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാട് എത്രപറഞ്ഞാലും തീരില്ല. മാത്രമല്ല അവരുടെ അര്‍പ്പണബോധത്തിന് എത്ര കൈയ്യടിച്ചാലും മതിവരുകയുമില്ല. അത്തരത്തില്‍ ആത്മാര്‍ഥ സേവനം ചെയ്യുന്ന രണ്ടു ഡോക്ടര്‍മാര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുന്നത് സ്വന്തം കാറിലാണ്.
ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരാണ് സച്ചിന് നായകും സച്ചിന് പാടിതാറുമാണ് കാറുകളില്‍ ഉറങ്ങുന്നത്. നിത്യവും ഷിഫ്റ്റ് കഴിഞ്ഞാല്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും കാറുകളില്‍ തന്നെ വിശ്രമിക്കും. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം ഇരുവരും എടുത്തത്.
പുസ്തക വായനയും ചെറുമയക്കവും വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുമാണ് അവര്‍ കാറിലെ വിശ്രമ സമയം ചെലവഴിക്കുന്നത്. നിത്യവും കോവിഡ് ബാധിതരുമായി ഇടപഴകുന്നതിനാല്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷയെ കരുതി കാറില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ് ഇരുവരും.
സച്ചിന് നായകിന് മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. ‘കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ ഭരണകൂടത്തിനോ, ഞങ്ങള്‍ക്കോ തയ്യാറെടുപ്പിനുള്ള സമയം കിട്ടിയില്ല. സ്വയം പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്.’ അദ്ദേഹം പറയുന്നു. രോഗികളും ജീവനക്കാരുമുള്‍പ്പടെ നിത്യവും 100 പേരോട് ഡോക്ടര്‍ക്ക് ഇടപഴകേണ്ടി വരാറുണ്ട്. ഞങ്ങള്‍ സാംപിള്‍ കളക്ട് ചെയ്യുന്നുണ്ട്. അതില്‍ നിന്ന് രോഗം ബാധിച്ചേക്കാം അതാണ് ഞാന്‍ കാറില്‍ കഴിയാന്‍ തീരുമാനിച്ചത്, ഡോക്ടര്‍ പറയുന്നു.
സച്ചിന് പടിതാര്‍ അനസ്തെറ്റിസ്റ്റാണ്. മാര്‍ച്ച് 31 മുതല്‍ അദ്ദേഹവും കാറില്‍ തന്നെയാണ് കഴിയുന്നത്. ബാക്ക് സീറ്റ് കിടക്കയായി ഉപയോഗിക്കുന്നു. വീട്ടില്‍ പ്രായമായ ആളുകള്‍ ഉള്ളതുകൊണ്ടാണ് കാറിലേക്ക് താമസം മാറാന്‍ ഡോക്ടര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുഡോക്ടര്മാര്ക്കും അഭിനന്ദന പ്രവാഹമാണ്.
മുഖ്യമന്ത്രി ശിവരാജ് ചൗഹാനും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ‘ഞാനും മുഴുവന്‍ മധ്യപ്രദേശും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നിങ്ങളെ പോലുള്ള പോരാളികളെ അഭിവാദ്യം ചെയ്യുന്നു. ഇതേ ദൃഢനിശ്ചയത്തോടെ നാം മുന്നോട്ടുപോവുകയാണെങ്കില്‍ വളരെ വേഗം ഈ വലിയ യുദ്ധം നാം ജയിക്കും.’ സച്ചിന് ജീ നിങ്ങളുടെ പോരാട്ടവീര്യത്തിന് സല്യൂട്ട് എന്നാണ് ചൗഹാന് കുറിച്ചത്.
359 കേസുകളാണ് മധ്യപ്രദേശില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 26 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post