ചണ്ഡീഗഡ്: ലോക്ക് ഡൗണിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഫീസ് ആവശ്യപ്പെട്ട 38 സ്വകാര്യ സ്കൂളുകള്‍ക്ക് നോട്ടീസ് അയച്ചതായി വിദ്യഭ്യാസമന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല. പഞ്ചാബിലാണ് സംഭവം. ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കാത്ത 38 സ്വകാര്യ സ്കുളുകള്ക്കെതിരേ ഇതുവരെ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു.
നോട്ടീസിന് മറുപടി നല്കാന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. തൃപ്തികരമായ മറുപടി നല്കാന് സാധിച്ചില്ലെങ്കില്‍ സ്കൂളുകളുടെ എന്‍ഒസി റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ലോക്ക്ഡൗണ്‍ കാലയളവ് കഴിയുന്നതുവരെ വിദ്യാര്‍ത്ഥികളില്‍നിന്ന് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഗതാഗത ഫീസും പുസ്തക തുകയും ഈടാക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
സ്വകാര്യ സ്കൂളുകള്‍ അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനം പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ സാഹചര്യം സാധാരണ നിലയിലായതിന് ശേഷം 30 ദിവസം കഴിഞ്ഞ് മാത്രമേ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കാന്‍ പാടുള്ളുവെന്നും ഇക്കാലയളവിലെ പിഴ തുക ഈടാക്കരുതെന്നും ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇവയെല്ലാം മറികടന്നാണ് സ്വകാര്യ സ്കൂളുകള്‍ ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post