ചെന്നൈ; പ്രാഥമിക പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന 26 പേരില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്ത സര്‍ക്കാര്‍ ആശുപത്രിയുടെ നടപടി വിവാദത്തിലായിരിക്കുകയാണ്.
വിളുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കൊറോണ സംശയത്തെത്തുടര്‍ന്ന് ഐസൊലേഷനിലുണ്ടായിരുന്ന 26 പേരുടെ ഫലം സ്വകാര്യലാബില്‍ പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായിരുന്നു. ഇതോടെ ഇവരെയെല്ലാവരെയും രോഗമില്ലെന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍ രണ്ടാമത്തെ വിശദമായ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തവരില്‍ നാല് പേര്‍ക്ക് കൊറോണയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അപ്പോഴേക്കും ഇവര്‍ പലസ്ഥലങ്ങളിലേക്ക് പോയിരുന്നു. ഇതോടെ ഇവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി അധികൃതര്‍.
മൂന്ന് രോഗികളെ പോലീസ് കണ്ടെത്തി തിരികെ ഐസൊലേഷന്‍ വാര്‍ഡിലാക്കി. പക്ഷേ നാലാമന്റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയില്‍ നിന്ന് എത്തിയ ഒരു അന്യ സംസ്ഥാന തൊഴിലാളിയായിരുന്നു ഇയാള്‍. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അല്പം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നിലവില്‍ കാണാതായ അന്യ സംസ്ഥാന തൊഴിലാളി. പോണ്ടിച്ചേരി സബ് ജയിലില്‍ ചില മോഷണക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് കഴിഞ്ഞിരുന്നയാളാണ് ഇയാള്‍. ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍.
എന്നാല്‍, ലോക്ക് ഡൗണായതിനാല്‍ ഇയാള്‍ അതിര്‍ത്തി വിട്ട് എങ്ങും പോകാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും കണക്ക് കൂട്ടല്‍. അതേസമയം, ഇയാള്‍ ആരോഗ്യവകുപ്പിന് വരുത്തിവെച്ച തലവേദന ചില്ലറയൊന്നുമല്ല. അന്യസംസ്ഥാനതൊഴിലാളി ഒളിവില്‍ പോയതാണെങ്കില്‍ ഇയാള്‍ ആര്‍ക്കെല്ലാം രോഗം നല്കിയേക്കാമെന്നാണ് ആരോഗ്യവകുപ്പ് ഉയര്‍ത്തുന്ന ചോദ്യം.
26 പേരെ ഒരുമിച്ച് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സംഭവിച്ച ക്ളറിക്കല്‍ പിശക് മാത്രമാണിതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രോഗം ഇല്ലെന്ന പൂര്‍ണസ്ഥിരീകരണമില്ലാതെ എങ്ങനെ ആളുകളെ പുറത്തുവിട്ടു എന്നതില്‍ വ്യക്തമായ ഒരു വിശദീകരണം ആരോഗ്യവകുപ്പിന് നല്കാന് കഴിഞ്ഞിട്ടില്ല.
Discussion about this post