കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത് 17 പേര്‍, മരണസംഖ്യ 166 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത് 17 പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 166 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 5274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 411 പേര്‍ രോഗമുക്തി നേടിയത് നേരിയൊരു ആശ്വാസം പകരുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 1135 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 117 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്. അതേസമയം ധാരാവിയിലെ ചേരിയില്‍ വൈറസ് ബാധമൂലം ഏഴ് പേര്‍ മരിച്ചത് മഹാരാഷ്ട്രയെ ആശങ്കയിലാക്കിയിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയില്‍ വൈറസ് ബാധിതരുടെ എണ്ണം 700 കടന്നു. അതേസമയം തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനകള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബജറ്റ് വിഹിതത്തിന്റെ ഇരുപത് ശതമാനത്തില്‍ താഴെ മാത്രമേ അടുത്ത മൂന്ന് മാസം അനുവദിക്കുകയൂള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Exit mobile version