ലഖ്നൗ: പോലീസ് അറസ്റ്റ ചെയ്ത് വാഹനത്തില്‍ കയറ്റിയ യുവാവിനെ ഒരു സംഘം ആളുകള്‍ ാഹനത്തില് നിന്ന് വലിച്ചിറക്കി അടിച്ച് കൊന്നു. ആക്രമണം നേരില്‍ കണ്ടിട്ടും പ്രതികരിക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ നോക്കി നിന്നു. ഉത്തര്‍പ്രദേശിലെ ഷാംലയിലാണ് ക്രൂര സംഭവം.
ആള്‍ക്കൂട്ടം യുവാവിനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി അടിച്ച് കൊല്ലുന്നത് പോലീസ് നോക്കി നില്‍ക്കുകയും ഇയാളെ രക്ഷിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചതുമില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.
പ്രതിഷേധങ്ങള്‍ കനത്തതോടെ ആറംഗ അക്രമി സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രാജേന്ദ്ര എന്ന ആളാണ് കൊല്ലപ്പെട്ടത്. രാജേന്ദ്ര മദ്യപിച്ച് വഴക്കുണ്ടാക്കുന്നുവെന്ന് തിങ്കളാഴ്ച വൈകീട്ടാണ് ഹാത്ചോയ ഗ്രാമത്തില്‍നിന്ന് പോലീസിന് സന്ദേശം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍ വാഹനത്തില്‍ കയറ്റിയ ഇയാളെ ആള്‍ക്കൂട്ടം വാഹനത്തിനുള്ളിലേക്ക് കൈ നീട്ടി മര്‍ദ്ദിക്കുകയും ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാള്‍ പിന്നീട് മരിച്ചു. പോലീസിന്റെ വീഴ്ച സമ്മതിച്ച എസ്പി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ സസ്പെന്ഷന് നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post