ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോക് ഡൗണ്‍ കാലത്ത് ചൈല്‍ഡ് ഹെല്‍പ് ലൈനിലേക്ക് സഹായം തേടി വിളിച്ചത് 92,000 കോളുകളാണെന്ന് ചൈല്‍ഡ് ലൈന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹര്‍ലീന്‍ വാലിയ പറഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24ന് ശേഷം കോളുകളിലില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായിയെന്നും ഹര്‍ലീന്‍ വാലിയ പറഞ്ഞു.
മാര്‍ച്ച് 24 ശേഷം വന്ന കോളുകളില്‍ 30 ശതമാനവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ളതായിരുന്നുവെന്നും ഹര്‍ലീന്‍ വാലിയ കൂട്ടിച്ചേര്‍ത്തു. ജില്ലാ അടിസ്ഥാനത്തിലുള്ള ശിശു സംരക്ഷണ യൂണിറ്റുകള്‍ക്കായി ചൊവ്വാഴ്ച സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.
ആരോഗ്യവുമായി ബന്ധപ്പെട്ട് 11 ശതമാനം കോളുകളാണ് ലോക് ഡൗണ്‍ നാളുകളില്‍ ചൈല്‍ഡ് ലൈന്‍ ലഭിച്ചത്. ബാലവേലയെക്കുറിച്ച് എട്ട് ശതമാനവും കുട്ടിയെ കാണാതായതും, ഒളിച്ചോട്ടം എന്നിവയുമായി ബന്ധപ്പെട്ട് 8 ശതമാനം കോളുകളും ലഭിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ച് 1,677 കോളുകളാണ് ചൈല്‍ഡ് ലൈനിലേക്ക് വന്നത്. 237 പേര്‍ രോഗാവസ്ഥയില്‍ സഹായംമ തേടിയും വിളിച്ചുവെന്ന് ഹര്‍ലീന്‍ വാലിയ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 1 വരെ 257 പരാതികള്‍ ലഭിച്ചുവെന്ന് ദേശീയ വനിത കമ്മീഷന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 69 എണ്ണം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ രേഖാ ശര്‍മ്മ പറഞ്ഞിരുന്നു.