കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ കാലത്ത് മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള സാധ്യത തേടി പശ്ചിമ ബാംഗാള്‍ സര്‍ക്കാര്‍. ഉപഭോക്താക്കള്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതാണ് പുതിയ പദ്ധതി. ഇതിനായി ഓരോ മദ്യവില്‍പ്പനശാലകള്‍ക്കും പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍നിന്ന് ഡെലിവറി പാസുകള്‍ ലഭ്യമാക്കും.
ഹോം ഡെലിവറിയിലൂടെ മദ്യം വില്‍ക്കാന്‍ താത്പര്യമുള്ള വ്യാപാരികള്‍ക്ക് സമീപത്തെ പോലീസ് സ്റ്റേഷനില്‍നിന്ന് ഈ പാസുകള്‍ വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഒരുദിവസം ഒരു മദ്യവില്‍പ്പനശാലയ്ക്ക് മൂന്ന് ഡെലിവറി പാസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. മദ്യവില്‍പ്പനശാലകളില്‍ ഫോണ്‍ മുഖേന മദ്യം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. രാവിലെ 11 മണി മുതല്‍ രണ്ട് മണി വരെ ഓര്‍ഡറുകള്‍ സ്വീകരിക്കാം.
ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മദ്യം ഡെലിവറി ചെയ്യാനുള്ള സമയം. മദ്യം അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണെന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെയും നിലപാട്.