ന്യൂഡല്‍ഹി: കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ രോഗികളില്‍ നിന്നും പണം ഈടാക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായി ബെഞ്ച് നിര്‍ദേശിച്ചു.
നിര്‍ദേശം പരിഗണിക്കാം എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറയുന്നു. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം വിഷയത്തില്‍ കോടതി ഇത് സംബന്ധിച്ച ഉത്തരവിറക്കും. സ്വകാര്യ ലാബുകളിലെ പരിശോധന ഫീസായി 4500 രൂപ നിശ്ചയിച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.