മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുംബൈയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റേതാണ് (ബിഎംസി) തീരുമാനം. ഒരു കാരണവശാലും മാസ്ക് ധരിക്കാതെ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
വീട്ടില്‍ നിര്‍മ്മിച്ച മാസ്കുകളും ധരിക്കാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ഐപിസി സെക്ഷന്‍ 188 പ്രകാരമുള്ള ശിക്ഷ ലഭിക്കും. തെരുവ്, ആശുപത്രി, ഓഫീസ്, മാര്‍ക്കറ്റ് എന്നിങ്ങനെ എല്ലാ പൊതുഇടങ്ങളിലും എന്ത് ആവശ്യത്തിനായി വരുന്നവരും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയതോ, വീട്ടില്‍ നിര്‍മ്മിച്ച മാസ്കുകളോ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വീടുകളില്‍നിന്ന് പുറത്തുപോകുമ്പോള്‍ മാസ്കുകള്‍ ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
Discussion about this post