ലക്നൗ: പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സംസ്ഥാനത്തിലെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
വാരാണസി ഉള്‍പ്പെടെയുളള ജില്ലകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കാന്‍പൂര്‍, ആഗ്ര, ബുദ്ധാ നഗര്‍, ഗാസിയാബാദ്, സഹരാന്‍പൂര്‍, മീററ്റ്, സീതാപൂര്‍, ഫിറോസാബാദ്, ബറേലി, ഷാംലി എന്നിവയാണ് നിയന്ത്രണം ശക്തമാക്കിയ മറ്റു ജില്ലകള്‍.
ജില്ലകള്‍ പൂര്‍ണമായും അടക്കുന്നതോടെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയില്ല. ഇത്തരത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇതോടെ ജനങ്ങള്‍ ഹോം ഡെലിവറിയെ ആശ്രയിക്കേണ്ടി വരും.
നിലവില്‍ അനുവദിച്ചിട്ടുളള പാസുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെയാണ് ജില്ലകള്‍ അടച്ചിടാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് രോഗം ഭേദമായി. നാലുപേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനം.
Discussion about this post