മുംബൈ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത്. പലര്‍ക്കും ജോലി ഇല്ലാതായി, വരുമാന മാര്‍ഗം അടഞ്ഞു. സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷണമാണ് പലരുടെയും വിശപ്പകറ്റാനുള്ള ഏക ആശ്രയം.
പല സ്ഥലങ്ങളിലും ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷണത്തിനായി വലിയജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത് മുംബൈയിലെ ധാരാവിയില്‍ ഭക്ഷണത്തിന് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണ്.
Food queue at #Dharavi #lockdown pic.twitter.com/qEbnZYTJkS
— Shobhaa De (@DeShobhaa) April 8, 2020
കൊറോണ സമൂഹ വ്യാപനം സംഭവിച്ചാല്‍ ഏറ്റവും വലിയ ദുരന്തം സംഭവിക്കുമെന്ന് കരുതുന്ന ധാരാവിയിലും ഭക്ഷണത്തിന് വേണ്ടി വലിയ നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് മണിക്കൂറുകളോളം ഭക്ഷണത്തിന് വേണ്ടി റോഡില്‍ ക്യൂ നില്‍ക്കുന്നത്. ലോക്ക്ഡൗണില്‍ സ്ഥിര വരുമാനം നിലച്ചതാണ് ഭക്ഷണത്തിന് വേണ്ടി ജനങ്ങളെ വരിനില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
സാമൂഹ്യ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇവിടെ പാലിക്കുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മുംബൈയിലാണ് വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരിലും രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മുംബൈയില്‍ സമൂഹവ്യാപനമുണ്ടായതായി സ്ഥിരീകരിച്ചു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Discussion about this post