പ്രധാനമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു; മോഡിയോട് കണ്ണൻ ഗോപിനാഥൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാട് മാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹൈഡ്രോക്‌സിക്ലോറോക്വിൻ കയറ്റുമതി ചെയ്യാൻ തീരുമാനിച്ച മോഡിയുടെ നിലപാടിന് എതിരെയാണ് കണ്ണന്റെ വിമർശനം.

ഹൈഡ്രോക്‌സിക്ലോറോക്വിൻ കയറ്റുമതിയിൽ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. ഈ പ്രസ്താവനക്ക് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഇളവ് ഏർപ്പെടുത്തിയിരുന്നു.

‘ഇന്ന് ഞാൻ എന്റെ പ്രധാനമന്ത്രിയെ കുറിച്ചോർത്ത് ലജ്ജിക്കുന്നു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ നമ്മുടെ പ്രധാനമന്ത്രി യുഎസ് താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയ ദിവസം.1.3 ബില്യൺ ഇന്ത്യക്കാർക്കും നാണക്കേടാണിത്. ഭാരതമാതാവിനെ ആരുടെ മുന്നിലും തലകുനിപ്പിക്കില്ലെന്ന് താങ്കൾ ഞങ്ങൾക്ക് വാക്ക് തന്നിരുന്നു,’-മോഡിയോടായി കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. കൊവിഡിനെതിരെ പോരാടാൻ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ നൽകാൻ ട്രംപ് മോഡിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാൽ ഇന്ത്യയിൽ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുമെന്ന് കേന്ദ്രം അറിച്ചത്. ആവശ്യമുള്ള രാജ്യങ്ങൾക്ക് അത് നൽകും. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Exit mobile version