ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്താനില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കില്ല. പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ക്ഷണം ഇന്ത്യ നിരസിച്ചു. ഭീകരപ്രവര്‍ത്തനങ്ങളും സമാധാന ചര്‍ച്ചകളും ഒന്നിച്ചുപോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. കര്‍താപുര്‍ ഇടനാഴി പദ്ധതിയെ തുടര്‍ന്ന് പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകളൊന്നും ആരംഭിക്കില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
കര്‍താര്‍പുര്‍ ഇടനാഴിക്കായി ഇന്ത്യ വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുകയാണ്. എന്നാലിപ്പോഴാണ് പാകിസ്താന് ഇതിന് അനുകൂലമായി പ്രതികരിക്കുന്നത്. കര്‍താര്‍പുര്‍ ഉഭയകക്ഷി ചര്‍ച്ചകളുടെ ആരംഭമായി കാണേണ്ടതില്ല. ഭീകരപ്രവര്‍ത്തനങ്ങളും സമാധാന ചര്‍ച്ചകളും ഒന്നിച്ചുപോകില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാക് വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസല്‍ സാര്‍ക് ഉച്ചകോടിക്കായി കഴിഞ്ഞ ദിവസമാണ് മോഡിയെ പാകിസ്താനിലേക്ക് ക്ഷണിച്ചത്. 2016ലും പാകിസ്താനില്‍ നടത്താനിരുന്ന സാര്‍ക് സമ്മേളനം ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ബഹിഷ്കരണം. ബംഗ്ലാദേശ്, ഭൂട്ടാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കില്ലെന്ന നിലപാടെടുത്തതോടെ അന്നു സാര്‍ക് സമ്മേളനം റദ്ദാക്കിയിരുന്നു.
Discussion about this post