ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ആഹോ രാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈയ്യടികളും മറ്റും നല്കി പ്രോത്സാഹനവും അഭിനന്ദനവും നല്‍കണമെന്ന മോഡിയുടെ വാക്കുകള്‍ക്ക് പിന്നാലെ ആവശ്യത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ഡോക്ടര്‍മമാര്‍. ഞങ്ങള്‍ക്ക് നിങ്ങളുടെ കൈയടികളോട് നന്ദിവാക്കുകളോ ഒന്നും തന്നെ വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്.
ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടഴ്സ് അസോസിയേഷനാണ് (ആര്‍ഡിഎ) പ്രധാനമന്ത്രിയ്ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ‘പിപിഇ, എന്‍ 95 മാസ്കുകള്‍, കൊവിഡ് -19 ടെസ്റ്റിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഞങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം ഉയര്‍ത്തിയതാണ്. ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായി കാണണം. രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.’, കത്തില്‍ പറയുന്നു.
എത്രയും പെട്ടെന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ കൈയടികളോ നന്ദിവാക്കുകളോ വേണ്ട. ഞങ്ങളുടെ അവകാശങ്ങളേയും ശബ്ദങ്ങളേയും ഹനിക്കാതിരുന്നാല്‍ മാത്രം മതി. അത് മാത്രമാണ് ഏറ്റവും കുറഞ്ഞത് നിങ്ങള്‍ ആരോഗ്യമേഖലയോട് ഇപ്പോള്‍ ചെയ്യേണ്ടത്’, ഡോ. ശ്രീനിവാസ് രാജ്കുമാര് പ്രതികരിച്ചു.