കൊറോണ ബാധിതയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ; രാജ്യത്തിന് ആശ്വാസമായി വാർത്ത

മുംബൈ: കൊറോണ വൈറസ് ബാധിതയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ രണ്ടാം ഗിനം പെൺകുഞ്ഞിന് ജന്മം നൽകി ഗർഭിണിയായ യുവതി. നവി മുംബൈ മുനിസിപ്പൽ ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോ. രാജേഷ് മാത്രെയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്.

ഞായറാഴ്ച ആയിരുന്നു ഗർഭിണിയ്ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. യുവതി കൊവിഡ് പോസ്റ്റീവാണെന്ന് കണ്ടെത്തിയതോടെ തുടക്കത്തിൽ പേടിയുണ്ടായിരുന്നു. കാരണം, അത് ഭ്രൂണത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

ഗർഭിണിയ്ക്ക് മരുന്ന് നൽകുകയും ശേഷം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഡോ. രാജേഷ് മാത്രെ പറഞ്ഞു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ഗർഭിണി മുംബൈയിലെ പലയിടങ്ങളിൽ യാത്ര ചെയ്തിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. എവിടെ നിന്നാണ് കൊറോണ ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Exit mobile version