മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ശിവസേന. കൈയ്യടിച്ചതുകൊണ്ടും പ്രകാശം തെളിച്ചതുകൊണ്ടും കൊവിഡിനെതിരെയുള്ള യുദ്ധം ജയിക്കാനാവില്ലെന്നുമാണ് ശിവസേനയുടെ വിമര്‍ശനം. മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സേന രംഗത്ത് വന്നത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ജനങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചേക്കാം. കൈയ്യടികളും പ്രകാശം തെളിക്കലും തുടര്‍ന്നാല്‍ ഈ യുദ്ധത്തില്‍ നാം പരാജയപ്പെടും. ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അല്ലാത്ത പക്ഷം ആഹ്വാനങ്ങള്‍ മുന്‍പ് കണ്ടത് പോലെ ആഘോഷങ്ങളായി മാറുമെന്നും സാമ്ന വിമര്‍ശനം തൊടുക്കുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്ക്റെ ജനങ്ങളോട് അച്ചടക്കം പാലിക്കാനാണ് ആവശ്യപ്പെട്ടത്. പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാന്‍ അദ്ദേഹം എല്ലായ്പ്പോഴും ജനങ്ങളുമായി സംവദിച്ചു.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇത്തരമൊരു നേതാവിനെയാണ് രാജ്യത്തിനാവശ്യമെന്നും മുഖപത്രം പറയുന്നു. ജനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് വളരെ വ്യക്തമായി പറയാന്‍ പ്രധാനമന്ത്രി തയ്യാറാവണം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ഇന്ത്യയില്‍ തബ് ലീഗ് സമ്മേളനം മാത്രമല്ല നിയമം ലംഘിച്ച് നടന്നിട്ടുള്ളത്. മര്‍ക്കസ് സമ്മേളനത്തെ വിമര്‍ശിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കുന്നവരാണോ എന്നും സാമ്ന ചോദ്യമുന്നയിച്ചു.
Discussion about this post