ചെന്നൈ: രജനികാന്ത്-ശങ്കര്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0നെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്ത്. ചിത്രം നാളെ റിലീസിന് ചെയ്യാനിരിക്കവെയാണ് പുതിയ പരാതി. മൊബൈല്‍ ഫോണ്‍ റേഡിയേഷന് ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിര്‍മ്മാതക്കള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നല്കി.
2.0 അശാസ്ത്രീയത പ്രചരിപ്പിക്കുകയാണ്. മൊബൈല്‍ ഫോണുകളും, ടവറുകളും പ്രകൃതിയ്ക്കും മനുഷ്യനും ജീവജാലകങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും സിഒഎഐ ആരോപിച്ചു. 2.0യുടെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു. കൂടാതെ പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
നാളെ ലോകമെമ്പാടുമുള്ള തീയ്യേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കവെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ചൊവാഴ്ച്ച ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്‍പനയിലുണ്ടായിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലോകത്താകമാനം 10,000 ത്തോളം തീയ്യേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post