‘ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഞാന്‍ കണ്ടിട്ടില്ല’; ട്രംപിന്റെ പരസ്യ ഭീഷണിയെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഞാന്‍ കണ്ടിട്ടില്ല എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

‘ഇതുപോലെ പരസ്യമായി മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങള്‍ക്കുള്ളതാവുന്നത്. ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കയ്ക്ക് അത് ലഭിക്കുകയുള്ളൂ’ എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

മാര്‍ച്ച് 25നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടക്കം 24 മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ‘ഞായറാഴ്ച ഞാന്‍ നരേന്ദ്ര മോഡിയുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ’ എന്നാണ് കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞത്.

അതേസമയം മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്സി ക്ളോറോക്വിന്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ മരുന്നുകള്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് 19 വൈറസിന്റെ കാലത്ത് മാനുഷിക പരിഗണന വെച്ചാണ് ഇത്തരത്തിലൊരു ഇളവ് നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Exit mobile version