ഹൈദരാബാദ്: ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യൻ പൗരന്മാർക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു. ഇതിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ ചട്ടങ്ങൾ ലംഘിച്ചതിനും സർക്കാർ നിർദേശങ്ങൾ പാലിക്കാതിരുന്നതിനും കേസ് രജിസ്റ്റർ ചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കരിംനഗർ സ്വദേശികൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം തെലങ്കാനയിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയിൽ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താൻ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്. പ്രമേഹ രോഗിയാണ് ഉദ്യോഗസ്ഥൻ.
പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ നിരവധി സഹപ്രവർത്തകരെയും നിരീക്ഷണത്തിലാക്കി. തെലങ്കാനയിൽ ഇന്നലെ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ മാത്രം ഇതോടെ കൊവിഡ് രോഗികൾ 153 ആയി.
Discussion about this post