ചെന്നൈ: കൊവിഡ് 19 ബാധിച്ച് തമിഴ്നാട്ടിൽ മരണം ആറായി. ഇന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ 57കാരി മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച 50 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 621 ആയതായി ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞ പത്ത് മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചുപേർ രോഗമുക്തിനേടി ആശുപത്രിവിട്ടു. മലയാളിയായ റെയിൽവെ ഡോക്ടറും കുടുംബവുമാണ് രോഗമുക്തി നേടിയവർ.
ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് തമിഴ്നാടിന്റെ കൊറോണ പ്രതിരോധത്തെ തകർത്തത്. സമ്മേളനത്തിൽ സംസ്ഥാനത്തുനിന്ന് പങ്കെടുത്ത 1475 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചതിൽ 570 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതിനിടെ, ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ ചൈനയിൽനിന്ന് എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു. ഇതിനുവേണ്ടി 500 കോടിയുടെ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ട്.
റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ ഏപ്രിൽ എട്ടിന് എത്തുമെന്നും തൊട്ടടുത്ത ദിവസം മുതൽ പരിശോധന തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post