ന്യൂഡൽഹി: കൊവിഡ്-19 രോഗത്തിനെതിരെ ലോകമൊരുമിച്ച് പോരാടുമ്പോൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ്. 2.9 ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം. മാർച്ച് 28നാണ് അന്താരാഷ്ട്ര വികസന യുഎസ് ഏജൻസി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ 20 വർഷമായി അടിസ്ഥാന വികസനത്തിന് 140 കോടി ഡോളറും ആരോഗ്യ മേഖലയിലെ വികസനത്തിനായി 300 കോടി ഡോളറും ഇന്ത്യക്ക് നൽകിയിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎസ് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതെന്ന് യുഎസ് എംബസി അറിയിച്ചു. ആസിയാൻ അംഗരാജ്യങ്ങൾക്ക് സഹായം 18.3 ദശലക്ഷം ഡോളർ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പരിശോധനക്കായി ലാബോറട്ടറികൾ സ്ഥാപിക്കാനും മറ്റ് പ്രതിരോധ നടപടികൾ സ്വീകരിക്കാനുമാണ് പണം അനുവദിച്ചതെന്ന് എംബസി വ്യക്തമാക്കി.
യുഎസ്എഐഡി 2.4 ദശലക്ഷം ഡോളറും ലോക ആരോഗ്യ സംഘടന 50000 ഡോളറുമാണ് ഇതുവരെ സഹായം നൽകിയത്.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. 100ലേറെപ്പേർ മരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനെ തുടർന്ന് മലേറിയക്കെതിരെയുള്ള മരുന്ന് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post