കൊറോണയ്ക്ക് പ്രതിവിധി ഉണ്ടായേക്കാം, എന്നാൽ ഈ വിഡ്ഢിത്തരത്തിനോ? ഐക്യ ദീപത്തിനിടെ വീടിന് തീപിടിച്ചു; രോഷത്തോടെ ഹർഭജൻ സിങ്; ആരാണ് വിഡ്ഢിയെന്ന് തിരിച്ചടിച്ച് സൈബർ ലോകം

മുംബൈ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായവർക്ക് പിന്തുണയേകി ഞായറാഴ്ച രാത്രി നടന്ന ഐക്യദീപത്തിനിടയിൽ അഗ്‌നിബാധയുണ്ടായ സംഭവത്തെ വിമർശിച്ച് മുൻക്രിക്കറ്റ് താരം ഹർഭജൻ സിങ്. ദീപം തെളിക്കാനുള്ള ശ്രമത്തിനിടെ അയൽവാസിയുടെ വീടിന് തീപിടിച്ചുവെന്ന് വാദിക്കുന്ന ട്വീറ്റിനൊപ്പമാണ് ഹർഭജൻ സിങിന്റെ പ്രതികരണം. കൊറോണയ്ക്ക് ചികിത്സ കണ്ടെത്താൻ കഴിയും എന്നാൽ വിഡ്ഢിത്തരത്തിന് എങ്ങനെ പ്രതിവിധി കണ്ടെത്തും എന്നാണ് ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് ഹർഭജൻ ആരാഞ്ഞത്.

എന്നാൽ ഇത് വ്യാജവീഡിയോയാണെന്നും ആരോ പഴയ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണെന്നും സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു. ഈ വീഡിയോ വിശ്വസിക്കുന്നവരാണ് വിഡ്ഢിയെന്നാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണങ്ങൾ. ഇത്തരം നിരവധി വ്യാജ വീഡിയോകളും പഴയ വീഡിയോകളും പുറത്ത് വന്നിരുന്നു. അത് വിശ്വസിച്ച് ഷെയർ ചെയ്തവരാണ് ബുദ്ധിശൂന്യരെന്ന് നിരവധി പേരാണ് വിമർശിക്കുന്നത്.

അതേസമയം, ജയ്പൂരിലെ വൈശാലി നഗറിലാണ് സംഭവമെന്നാണ് ട്വീറ്റ് അവകാശപ്പെടുന്നത്. മഹിം പ്രതാപ് സിങാണ് ദീപം തെളിക്കുന്നതിനിടെ പടക്കം പൊട്ടിച്ചത് മൂലം തീപിടുത്തമുണ്ടായെന്ന് ട്വീറ്റിൽ വിശദമാക്കുന്നത്. ഫയർഫോഴ്‌സെത്തി തീ അണച്ചെന്നും ആളപായമില്ലെന്നും മഹിം പ്രതാപ് സിംഗ് പിന്നീട് വിശദമാക്കുന്നുണ്ട്. എന്നാൽ വീഡിയോ ഷെയർ ചെയ്ത ഭാജിക്ക് രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നേരിടുന്നത്

നേരത്തെ പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് ദീപം തെളിക്കുന്ന ചിത്രങ്ങൾ ഹർഭജൻ സിങ് പങ്കുവച്ചിരുന്നു.

Exit mobile version