പാട്‌ന: കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുജനങ്ങളോട് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇത് ഏറ്റെടുത്ത് ജനങ്ങള്‍ ദീപം തെളിയിക്കുകയും പലയിടങ്ങളില്‍ പടക്കം പൊട്ടിക്കുകയും ചെയ്തു.
പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് ജയ്പൂരില്‍ ഒരു കെട്ടിടത്തിന് തീപിടിച്ചു. എന്നാല്‍ ദീപം തെളിക്കലിനിടെ വന്‍ അപകടമാണ് ബിഹാറിലുണ്ടായത്. ദീപം തെളിക്കല്‍ ചടങ്ങിനിടെ മോത്തിഹാരി ഗ്രാമത്തിലെ പന്ത്രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. ഗ്രാമത്തിലെ ഒരു വീടിന് തീ പിടിക്കുകയും അത് മറ്റ് വീടുകളിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ തവണ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ അഞ്ചു മിനിട്ട് നേരം കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയോ നന്ദി പ്രകടിപ്പിക്കണമെന്ന് മോഡി ആഹ്വാനം ചെയ്തിരുന്നു.
മോഡിയുടെ വാക്ക് കേട്ട് ഒരു വിഭാഗം ജനങ്ങള്‍ കര്‍ഫ്യൂവിന്റെ കാര്യം മറന്ന് തെരുവിലിറങ്ങി വന്‍ പ്രകടനം നടത്തിയാണ് പ്രതികരിച്ചത്. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനായി ദീപം തെളിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മോഡി ജനങ്ങളോട് തെരുവിലിറങ്ങി ദീപം തെളിക്കരുതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ദീപം തെളിക്കണമെന്ന മോഡിയുടെ ആഹ്വാനത്തില്‍ ആവേശം കൊണ്ട പലരും പ്രധാനമന്ത്രിയുടെ നിര്‍ദേശം വകവെയ്ക്കാതെ തെരുവിലിറങ്ങുകയും പടക്കം പൊട്ടിക്കയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും തീപിടിച്ചു. ഇതു കൂടാതെ ഉത്തര്‍പ്രദേശില്‍ ബിജെപി വനിത എംഎല്‍എ ദീപം തെളിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ക്കുകയും ചെയ്തു. ഇതും വലിയ വിവാദമായി മാറിയിരിക്കുകയാണ്.