ലഖ്നൗ: ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം കേട്ട് ആവേശം കൂടിപ്പോയ ബിജെപി വനിത നേതാവ് ദീപം തെളിയിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബല്‍റാംപൂരിലെ ബിജെപി വനിതാ നേതാവ് മഞ്ജു തിവാരിയാണ് ദീപം തെളിയിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ത്തത്.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങളുടെ ഐക്യദാര്‍ഢ്യം തേടിയാണ് ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ചെറുദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. മോഡിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് മഞ്ജു തിവാരി ഞായറാഴ്ച രാത്രി റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത് വെട്ടം തെളിയിക്കുകയായിരുന്നു.
ആഘോഷപൂര്‍വ്വമായിരുന്നു ബിജെപി നേതാവ് വെടിയുതിര്‍ത്തത്. സംഭവത്തിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു. ആകാശത്തേക്ക് തോക്ക് ചൂണ്ടിനില്‍ക്കുന്നതും വെടിയുതിര്‍ക്കുന്നതും തൊട്ടുപിന്നാലെ സമീപത്തുള്ളയാള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഇതോടെ ബിജെപി നേതാവിനെതിരെ പോലീസും രംഗത്തെത്തി. പാര്‍ട്ടിയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായ മഞ്ജു തിവാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെന്ന് ബല്റാംപൂര് പൊലീസ് പറഞ്ഞു. കോട്വാലി നഗറിലെ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റ് നിയമനടപടികള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതോടെ താന്‍ ചെയ്തുപോയത് തെറ്റാണെന്നും ക്ഷമിക്കണമെന്നും മഞ്ജു തിവാരി പറഞ്ഞു. ഒരു ഹിന്ദി വാര്‍ത്താ ചാനലിനോട് സംസാരിക്കുന്നതിനിടയിലാണ് മഞ്ജു തിവാരി ക്ഷമ ചോദിച്ചത്. രാത്രി 9 മണിക്ക് ആളുകള്‍ വിളക്കുകള്‍ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോള്‍ ‘ദീപാവലി പോലുള്ള’ ആഘോഷ അന്തരീക്ഷത്തില്‍ താന്‍ ചെയ്തുപോയതാണ് വെടിവെപ്പെന്നും മഞ്ജു പറഞ്ഞു.
Discussion about this post