ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ബാധ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന് ഇക്കാര്യം പറഞ്ഞത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്വകണികകളിലൂടെ മാത്രമെ വൈറസ് പകരൂ. അല്ലാത്ത സാഹചര്യത്തില്‍ രോഗം വായുവിലൂടെ പകരില്ല. രോഗം വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. അതിനാല്‍ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
കൊറോണ വായുവിലൂടെയും പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്വകണികകളിലൂടെ മാത്രമെ വൈറസ് പകരൂവെന്ന നിഗമനം തള്ളിക്കൊണ്ടായിരുന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയത്. അതെസമയം പഠനം ഇതുവരെ തീര്‍ന്നിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വൈറ്റ് ഹൗസിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
Discussion about this post