ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയിരിക്കുകയാണ്. ഗംഗയില്‍ വെള്ളത്തിന്റെ തെളിമയില്‍ 40-50 ശതമാനം മാറ്റം വന്നെന്നാണ് റിപ്പോര്‍ട്ട്.
‘ഗംഗാ നദിയിലേക്ക് വരുന്ന മാലിന്യത്തിന്റെ പത്തില്‍ ഒരു ഭാഗം ഫാക്ടറികളില്‍ നിന്നുള്ളവയാണ്. എന്നാല്‍ ലോക്ക് ഡൗണില്‍ ഫാക്ടറികള്‍ അടച്ചതോടുകൂടി അവസ്ഥ ഭേദപ്പെട്ടു. 40 മുതല്‍ 50 ശതമാനം വരെ പുരോഗതിയാണ് ഗംഗയുടെ ജലത്തില്‍ കാണുന്നത്. ഇതൊരു ശ്രദ്ധേയമായ കാര്യമാണ്’ എന്നാണ് ഐഐടിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി പ്രൊഫസറായ ഡോ പികെ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.
ഇതിനു പുറമെ മാര്‍ച്ച് 15-16 തീയതികളില്‍ ഗംഗയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴയും പെയ്തിരുന്നു. ഇതോടെ നദിയിലെ ജലത്തിന്റെ അളവും കൂടി. അതോടെ വെള്ളം തെളിയുന്നത് എളുപ്പമായി. ലോക്ക് ഡൗണിന് മുന്‍പും ശേഷവും നോക്കുകയാണെങ്കില്‍ വ്യക്തമായ മാറ്റം ഗംഗാ നദിയുടെ ജലത്തില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നദിയിലെ വെള്ളം തെളിഞ്ഞതോടെ ഗംഗയുടെ ഓരത്ത് താമസിക്കുന്നവരും ഏറെ സന്തോഷത്തിലാണ്. ഫാക്ടറികളാണ് ഗംഗയിലെ മാലിന്യത്തിന് പ്രധാന കാരണം. ഇതിനു പുറമെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ ഗംഗയില്‍ കുളിക്കാന്‍ വരുന്നതും കുറഞ്ഞു. ഇതും ഒരു കാരണമാണ്. ഇങ്ങനെ തന്നെ പത്ത് ദിവസം കൂടി മുന്നോട്ട് പോയാല്‍ പഴയ തെളിമയാര്‍ന്ന ഗംഗാ നദിയെ തിരിച്ചുകിട്ടുമെന്നാണ് ഇവര്‍ പറയുന്നത്. ഗംഗയിലെ വെള്ളത്തിലേക്ക് നോക്കുമ്പോള്‍ ഇപ്പോള്‍ മനസിന് ഏറെ സന്തോഷമുണ്ടെന്നും ഇവര്‍ പറഞ്ഞു.
അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ നേരത്തേ ഹിമാചല്‍ പ്രദേശിലെ ധൗലധാര്‍ പര്‍വതനിര ജലന്തറില്‍ തെളിഞ്ഞിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ജലന്തറില്‍ ദൃശ്യമാകുന്നതെന്നാണ് പറയുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായ ഡല്‍ഹിയിലെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ലോക്ക് ഡൗണില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post