കൊവിഡ് 19; ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചേരി നിവാസികളായ 30കാരിയും 48കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോര്‍പ്പറേഷന്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 600 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 147 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം സംസ്ഥാനത്ത് ഇതുവരെ 32 പേരാണ് മരിച്ചത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനായേക്കില്ലെന്നാണ് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതാണ് പരിഗണനയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞിരിക്കുകയാണ്. ഇതുവരെ 3374 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരാകരിച്ചിട്ടുള്ളത്. 77 പേരാണ് ഇതുവരെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്.

Exit mobile version