ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച രോഗിയെന്ന് തിരിച്ചറിയാതെ ഡൽഹി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച വ്യക്തിയിൽ നിന്നും കൂടുതൽ പേർക്ക് രോഗം പകർന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് സ്ഥാപനം അടച്ചിടേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
കൊറോണരോഗിയെന്ന് അറിയാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിന്ന് നാലുപേർക്കാണ് രോഗം പിടിപെട്ടത്. ആശുപത്രിയിലെ 108 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. 12 മലയാളികൾ അടക്കം 27 പേർ ആശുപത്രി ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്.
പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ വീഴ്ച ഉണ്ടായത്. കഴിഞ്ഞയാഴ്ച ഈ ആശുപത്രിയിൽ വൃക്ക രോഗിയെ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പിന്നീട് ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയിൽ കൊറോണയുണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു.
എന്നാൽ, ഈ രോഗി കിടന്ന ആശുപത്രിയിലെ വെന്റിലേറ്റർ വൃത്തിയാക്കാതെ മറ്റൊരു രോഗിക്ക് നൽകുകയും ചെയ്തു. ഇത്തരത്തിൽ ഗുരുതര വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഡോക്ടറുൾപ്പെടെ നാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മറ്റ് രോഗികൾക്കും കൊറോണ ബാധയുണ്ടായെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൊറോണ രോഗിയാണെന്ന് ആദ്യം തിരിച്ചറിയാതെയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും രോഗിയെ ആദ്യഘട്ടത്തിൽ ചികിത്സിച്ചത്. അതിനാൽ തന്നെ സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നില്ല. ഇതിനാൽ 108 ഓളം ആശുപത്രി ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്.
Discussion about this post