ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 3072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 601 പേര്‍ക്കാണ്. ഇതുവരെ 75 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. 2784 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 213 പേരുടെ രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 79,950 പേരുടെ സാമ്പിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം വൈറസ് ബാധിച്ചവരില്‍ 41ശതമാനവും 21 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്.
അതേസമയം വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കേ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും മറ്റ് കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി തിങ്കളാഴ്ച്ച മന്ത്രിതല ഉപസമിതി ചേരുന്നുണ്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരു യോഗങ്ങളും നടക്കുക.