ന്യൂഡല്‍ഹി: രാജ്യം കോവിഡ് ഭീതിയില്‍ തുടരുന്നതിനിടെ മഹാകുംഭമേളയ്ക്കായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2021-ല്‍ ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയ്ക്കായാണ് വന്‍ തുക അനുവദിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രത്യേക സഹായധനം എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത്. കുംഭമേളയ്ക്കുവേണ്ടി വന്‍തുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രി നിര്‍മല സീതാരാമനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി അറിയിച്ചു.
അതേസമയം, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുംഭമേളയ്ക്കായി വന്‍തുക അനുവദിച്ചിരിക്കുന്നത്.
ലോക്ക്ഡൗണില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടിയും കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
The Finance Ministry approves Rs 375 Crores for 'Mahakumbh' in Uttarakhand's Haridwar in 2021.
— ANI (@ANI) April 4, 2020
മഹാമേളയുടെ സുരക്ഷാ ക്രമീകരണങ്ങളടക്കം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ളവയാണ് തുടങ്ങിയത്. അഞ്ച് കോടി ജനങ്ങള്‍ മഹാകുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Discussion about this post