ന്യൂഡൽഹി: രാജ്യത്ത് നിന്ന് കൊവിഡ് 19-നെ തുടച്ചു നീക്കാൻ കൂടുതൽ ധനസഹായം ആവശ്യമാണെന്ന് ഇന്ത്യ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 600 കോടി ഡോളറാണ് ഇന്ത്യ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിനോട് ഉൾപ്പെടെ ഇന്ത്യ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വർധിക്കുന്നതിനിടെ ഇന്ത്യയ്ക്ക് 100 കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുമെന്ന് ലോക ബാങ്ക് അറിയിച്ചിരുന്നു. ഇത് കൂടാതെയാണ് 600 കോടി ഡോളർ കൂടെ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യ മേഖലയിൽ മാത്രമല്ല സാമ്പത്തിക മേഖലയിലും കൊറോണ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകബാങ്ക് ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കിയിരുന്നു. ഏഷ്യൻ ഡെവലപ്‌മെൻറ് ബാങ്കിന് പുറമേ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ബാങ്കിനോടും ഇന്ത്യ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post