മുംബൈ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഐക്യം വിളിച്ചോതുന്നതിന് സമാനമായി ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ദീരം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് മഹാരാഷ്ട സര്‍ക്കാര്‍.
ഇത് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്നും തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്നും മഹാരാഷ്ട്ര ഊര്‍ജ മന്ത്രി ഡോ.നിതിന്‍ റാവത്ത് ആവശ്യപ്പെട്ടു. പുനഃപരിശോധന വേണ്ടതിന്റെ കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി ഒന്‍പതിന് ഒന്‍പതു മിനിറ്റുനേരം ദീപം തെളിയിച്ച് രോഗബാധയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞിരിക്കുന്നത്.
ആരും ഒറ്റയ്ക്കല്ലെന്ന സന്ദേശം പകരണം. വീട്ടിലെ വിളക്കുകള്‍ അണച്ച് വാതില്‍ക്കലോ ബാല്‍ക്കണിയിലോ ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ ഫോണ്‍ വെളിച്ചം, ടോര്‍ച്ച് എന്നിവ തെളിയിച്ച് കൊറോണ പരത്തുന്ന ഇരുട്ടിനെ മായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പരമാര്‍ശനത്തിനു പിന്നാലെ നിരവധി പേരാണ് തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. പരിഹസിക്കുന്നവരും കുറവല്ല.
മന്ത്രിയുടെ വാക്കുകള്‍;
‘എല്ലാ ലൈറ്റുകളും ഒരേ സമയം ഓഫ് ചെയ്യരുത്. നമ്മുടെ വീടുകളില്‍ ഒരേ സമയം എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുന്നതില്‍ നിങ്ങള്‍ പുനഃപരിശോധന നടത്തണം. എല്ലാ ലൈറ്റുകളും ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി വിതരണ ശൃംഖലയെ തകരാറിലാക്കും. ഇത് അടിയന്തര സേവനങ്ങളെ ബാധിക്കും. ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് നിര്‍ത്തുന്നത് ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫാക്ടറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വൈദ്യുതി ഉപഭോഗം ഇതിനകം 23,000 മെഗാവാട്ടില്‍ നിന്ന് 13,000 മെഗാവാട്ടായി കുറഞ്ഞു.
എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യുന്നതിലൂടെ ഇത് ബ്ലോക്ക്ഔട്ടിന് കാരണമാകും. 12 മുതല്‍ 16 മണിക്കൂര്‍ വരെ സമയമെടുക്കും ഇത് പിന്നീട് പുനഃക്രമീകരിക്കാന്‍. അടിയന്തര സര്‍വീസുകളെ ഇത് കാര്യമായി ബാധിക്കും. കൊറോണവൈറസ് മഹാമാരിക്കെതിരെ രാജ്യവ്യാപകമായി പോരാടുന്ന ഘട്ടത്തില്‍ വൈദ്യുതി ഒരു അവശ്യ ഘടകമാണ്.