ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടഞ്ഞുനിർത്താൻ സാധിക്കാത്ത തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വലിയൊരു ശതമാനം ജില്ലകളിലും എത്തിയത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിലെ 30% ജില്ലകളിലും കൊറോണ വൈറസ് എത്തിയെന്നാണ് കണക്കുകൾ. ആകെയുള്ള 720 ജില്ലകളിൽ 211 ജില്ലകളിലും കോവിഡ് രോഗത്തിനു കാരണമായ സാർസ് കോവ് 2 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ 60% ജില്ലകളിലും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ കണക്കുകളിലുള്ളതിനേക്കാൾ കൂടുതൽ ജില്ലകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. നിലവിൽ രോഗബാധിതരുടെ എണ്ണം 2000 കടന്നിട്ടുണ്ട്. പക്ഷെ 1965 പോസിറ്റീവ് കേസുകളുടെ കണക്കുകൾ മാത്രമേ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളൂ.
രോഗം ഇത്തരത്തിൽ പടരുന്നത് തുടർന്നാൽ, ടെസ്റ്റിങ് കിറ്റുകളുടെയും മാസ്കുകളുടെയും ലഭ്യതക്കുറവിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കും. രോഗബാധിതരുടെ എണ്ണം കൂടാനും മരണസംഖ്യ ഉയരാനും വരെ സാഹചര്യം സൃഷിടിക്കുമെന്നാണ് സൂചന.
ഏപ്രിൽ അവസാനത്തോടു കൂടി 16000 റെസ്പിറേറ്ററി പമ്പുകളുടെയും 5000 വെന്റിലേറ്ററുകളുടെയും ആവശ്യം രാജ്യത്തിനു വന്നേക്കാമെന്നാണ് രാജ്യത്തെ പ്രമുഖ ഗവേഷകർ പറയുന്നത്. 6000 വെന്റിലേറ്റർ സൗകര്യങ്ങളും 2000 ഐസിയു യൂണിറ്റുകളും തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
Discussion about this post