ഹൈദരാബാദ്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വെടിവെച്ചു കൊല്ലേണ്ടി വരുമെന്നുള്ള മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മുന്നറിയിപ്പ് പോലും മറികടന്ന് പ്രവര്‍ത്തിച്ച ഫാക്ടറയില്‍ ബാലവേല. തെലങ്കാനയിലെ വികരാബാദ് ജില്ലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തിച്ച പേപ്പര്‍ പ്ലേറ്റ് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി ചെയ്ത് വന്നിരുന്ന പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെ മോചിപ്പിച്ചു.
പോലീസും ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാലവേല ചെയ്തിരുന്ന കുട്ടികളെ മോചിപ്പിച്ചത്. ലോക്ക്ഡൗണിനിടെ വ്യവസായ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് എന്‍ജിഒ വളണ്ടിയര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. 11 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള ബിഹാര്‍ സ്വദേശികളായ കുട്ടികളെയാണ് ഇവിടെനിന്നും മോചിപ്പിച്ചത്.
ഒരു വര്‍ഷം മുമ്പാണ് കുട്ടികളെ ജോലിക്കായി ഫാക്ടറിയിലെത്തിച്ചത്. ബാലവേല നിരോധന നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, തൊഴില്‍ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം ഫാക്ടറി ഉടയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post