ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ചരിത്രം ആവര്‍ത്തിക്കും, ഇന്ത്യയ്ക്ക് ദുരന്തത്തോടൊപ്പം പ്രഹസനവും ഒന്നിച്ച്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി രാമചന്ദ്ര ഗുഹ

ബംഗളൂരു: രാജ്യത്തെ ബാധിച്ച ഇരുട്ടായ കൊറോണയെ അകറ്റാന്‍ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് വീടുകളില്‍ ചെറുദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രംഗത്ത്. മോഡിയുടെ വീഡിയോ സന്ദേശത്തെ ഇവന്റ് മാനേജ്‌മെന്റ് 9.0 എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ട്വിറ്ററിലൂടെയാണ് രാമചന്ദ്ര ഗുഹ മോഡിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമാണെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. ‘ഇവന്റ് മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്.’ ഗുഹ ട്വീറ്ററില്‍ കുറിച്ചു.

പൗരന്റെ കടമകളെ കുറിച്ച് ഭരണഘടനയില്‍ അക്കമിട്ടു പറയുന്നുണ്ട്. ശാസ്ത്രം, മാനവികത തുടങ്ങിയവയുടെ വികസനത്തില്‍ പങ്കാളികളാവാനാണ് അത്. എന്നാല്‍ ഇതില്‍ ഒരു ഭേദഗതി ഉണ്ട്. ജ്യോതിശാസ്ത്രം, ആഭിചാരപ്രയോഗം, അന്ധവിശ്വാസം എന്നിവയെ പ്രചരിപ്പിക്കുന്നതിന് എന്നാക്കണം- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ഏപ്രില്‍ അഞ്ചിന് രാത്രി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് വീഡിയോ സന്ദേശം നല്‍കിയത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഇത്തരത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും ഇതിനായി ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണമെന്നും മോഡി പറഞ്ഞു. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് മോഡിയെ വിമര്‍ശിച്ചുകൊണ്ട് നേതാക്കന്മാരും മറ്റ് പ്രമുഖരും രംഗത്തെത്തിയത്.

Exit mobile version